എംവി ജയരാജനെതിരെ കോടതിയലക്ഷ്യ നടപടിക്ക് തീരുമാനം
ന്യായാധിപന്‍മാരെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന്‍ മേല്‍ സിപിഎം നേതാവ് എംവി ജയരാജനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഫുള്‍ബെഞ്ച് തീരുമാനിച്ചു. ജയരാജനെതിരേ അഡ്വക്കേറ്റ് റഹിം നല്‍കിയ ഹര്‍ജി ഒരു അറിയിപ്പായി പരിഗണിച്ചു തുടര്‍നടപടി സ്വീകരിക്കാന്‍ ഫുള്‍ബെഞ്ച് തീരുമാനിക്കുകയായിരുന്നു. കേസില്‍ തുടര്‍നടപടികള്‍ സംബന്ധിച്ചു ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.
പൊതുനിരത്തുകളില്‍ സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നത് നിരോധിച്ച ഹൈക്കോടതി വിധിയെ വിമര്‍ശിച്ച ജയരാജന്‍ നടത്തിയ വിമര്‍ശനം വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി അവഹേളിയ്ക്കുന്ന രീതിയിലേക്ക് മാറിയെന്നാണ് ആരോപണം . ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, വിഎസ് . ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണു ജയരാജന്‍ വ്യക്തിപരമായ പരാമര്‍ശം നടത്തിയത്.
അതേസമയം അഡ്വക്കേറ്റ് ജനറലിന്‍റെ അനുമതി കൂടാതെയാണു കോടതിയലക്ഷ്യ നടപടിക്കു ഫുള്‍ബെഞ്ച് അനുമതി നല്‍കിയത്. എജിയുടെ അനുമതിയോടു കൂടി മാത്രമേ ഇത്തരം കേസുകളില്‍ നടപടിക്ക് അനുമതി നല്‍കാറുളളൂ. എന്നാല്‍ ഹര്‍ജിയോടൊപ്പം അഡ്വക്കേറ്റ് നല്‍കിയ ജയരാജന്റെ പ്രസംഗം സംബന്ധിച്ച പത്രവാര്‍ത്തകളും ദൃശ്യമാധ്യമങ്ങളുടെ ക്ലിപ്പുകളുടെയും അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു
Comments
Tell me what you're thinking...
and oh, if you want a pic to show with your comment, go get a gravatar!

