|
കുമാരനാശാന്‍ 1873 ഏപ്രില്‍ 12
(1048 മേടം 1ന്) ചിത്രപൌര്‍ണ്ണമി ദിവസം തിരുവനന്തപുരം ജില്ലയില്‍
കായിക്കര എന്ന കടലോര ഗ്രാമത്തിലെ തൊമ്മന്‍ വിളാകം എന്ന ഭവനത്തില്‍
ജനിച്ചു. പിതാവ് : നാരായണന്‍. മാതാവ്: കാളിയമ്മ (കൊച്ചുപെണ്ണ്)
പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായും ഒരു
വ്യാപാരിയുടെ കണക്കെഴുത്തുകാരനായും ജോലി നോക്കി. മണമ്പൂറ്‍
ഗോവിന്ദനാശാന്‍ നടത്തിയിരുന്ന സംസ്കൃത വിദ്യാലയത്തില്‍ സംസ്കൃതത്തില്‍
ഉപരിപഠനം നടത്തി. ചിന്താശീലനായിരുന്നു കുമാരനാശാന്‍. ചെറുപ്രായത്തില്‍
തന്നെ കവിതാരചനയില്‍ ഏര്‍പ്പെട്ടു. പ്രധാനമായും സ്ത്രോത്രകൃതികളാണ്
അക്കാലത്ത് രചിച്ചത്.
1891 ല്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയത്
കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. അസാധാരണമായ ഒരു ഗുരുശിഷ്യ
ബന്ധത്തിന്റെ തുടക്കമായിരുു അത്. ഗുരുവിനോടൊപ്പം അരുവിപ്പുറത്ത്
കഴിച്ചുകൂട്ടിയ ആദ്യവര്‍ഷങ്ങളില്‍ സംസ്കൃതം, തമിഴ്, യോഗവിദ്യ, വേദാന്തം
എന്നീ വിഷയങ്ങള്‍ അഭ്യസിച്ചു.
1895 ല്‍ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം
സംസ്കൃതത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുവാനായി പുറപ്പെട്ടു. ബാംഗ്ളൂരിലും
മദ്രാസിലും കല്‍ക്കത്തയിലുമായിരുന്നു വിദ്യാഭ്യാസം. ഇംഗ്ളീഷ് ഭാഷയിലും
സാഹിത്യത്തിലും അവഗാഹം നേടുവാന്‍ കല്‍ക്കത്തയിലെ വാസം കുമാരനാശാനെ
സഹായിച്ചു.
1900-ല്‍ അരുവിപ്പുറത്തു തിരിച്ചെത്തി.r
ചിന്നസ്വാമി എന്നു
പരക്കെ അിറയപ്പെടുവാന്‍ തുടങ്ങിയ ആശാന്‍
1903- ല്‍ എസ്.എന്‍.ഡി.പി.
യോഗം സ്ഥാപിതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി.
1920 വരെ ഈ സ്ഥാനത്ത്
തുടര്‍ ന്നു. വിവേകോദയം മാസികയുടെ സ്ഥാപകപത്രാധിപരായി കുമാരനാശാന്‍
പ്രവര്‍ത്തിച്ചു. അനന്തരകാലത്ത് ചെറായിയില്‍ നിന്നും
പ്രസീദ്ധപ്പെടുത്തിയ 'പ്രതിഭ മാസിക'യുടെ പത്രാധിപരായും കുമാരനാശാന്‍
പ്രവര്‍ത്തിച്ചിട്ടുണ്ട്.
1907 ല്‍ വീണപൂവ് പ്രസിദ്ധപ്പെടുത്തിയതോടു
കൂടി പ്രതിഭാശാലിയായ ഒരു കവിയെന്ന നിലയില്‍ കുമാരനാശാന്‍ ശ്രദ്ധേയനായി.
നളിനിയും ലീലയും തുടര്‍ന്ന് പ്രസിദ്ധീകൃതമായപ്പോള്‍ ആശാന്റെ പ്രശസ്തിയും
അംഗീകാരവും വര്‍ദ്ധിച്ചു.
1918 ല്‍ ഭാനുമതിയമ്മയെ വിവാഹം ചെയ്തു.
വിവാഹാനന്തരം തോയ്ക്കല്‍ എന്ന സ്ഥലത്ത് കുറെ സ്ഥലം വാങ്ങി വീടു വെച്ച്
സ്ഥിരവാസമായി. ആശാന്‍- ഭാനുമതിയമ്മ ദമ്പതികള്‍ക്ക് രണ്ട് പുത്രന്‍മാരുണ്ടായി.
സുധാകരന്‍, പ്രഭാകരന്‍.
1922 ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍
ഇംഗ്ളണ്ടിലെ വെയിത്സ് രാജകുമാരനില്‍ നിന്നും പട്ടും വളയും സമ്മാനമായി
സ്വീകരിച്ചു. തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയില്‍ കുമാരനാശാന്‍
അംഗമായിരുന്നു.
1924 ജനുവരി 16ന് (51 ാം വയസ്സില്‍)
ആലപ്പുഴയ്ക്കടുത്തുള്ള പല്ലനയാറ്റില്‍ റെഡീമാര്‍ ബോട്ടപകടത്തില്‍
അന്തരിച്ചു.
വീണപൂര് (1907), ഒരു സിംഹപ്രസവം (1908), നളിനി
(1911), ലീല (1914), ബാലരാമായണം (1916), ശ്രീബുദ്ധചരിതം (1917--1924), ഗ്രാമവൃക്ഷത്തിലെ കുയില്‍ (1918), പ്രരോദനം, ചിന്താവിഷ്ടയായ സീത
(1919), പുഷ്പവാടി, ദുരവസ്ഥ, ചണ്ഢാലഭിക്ഷുകി (1922), കരുണ (1923), മണിമാല (1924), വനമാല (1924) എന്നിവയാണ് പ്രധാനപ്പെട്ട കാവ്യകൃതികള്‍.
സൌന്ദര്യലഹരിയുടെ പരിഭാഷ, സ്ത്രോത്ര കൃതികളായ നിജാനന്ദവിലാസം,
ശിവസ്ത്രോത്രമാല, സുബ്രഹ്മണ്യശതകം എന്നിവ വീണപൂവിന് മുമ്പ് പുറത്തു വന്നു.
പ്രബോധചന്ദ്രോദയം (തര്‍ജ്ജമ), വിചിത്രവിജയം എന്നിവ നാടകകൃതികളാണ്.
രാജയോഗം (തര്‍ജ്ജമ), മൈത്രേയി (കഥ- തര്‍ജ്ജമ) ഒരു ദൈവികമായ പ്രതികാരം (കഥ-തര്‍ജ്ജമ),
മനഃശക്തി, മതപരിവര്‍ത്തന സംവാദം, നിരൂപണങ്ങള്‍ (നിരൂപണപരങ്ങളായ
ലേഖനങ്ങളുടെ സമാഹാരം) എന്നിവയാണ് ഗദ്യകൃതികള്‍. |