മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
പി.സി. കുട്ടികൃഷ്ണന്‍ (ഉറൂബ്‌)
(1915-1979)

മലയാള നോവര്‍ നവോത്ഥാന നായകരില്‍ പ്രധാനിയായ ഉറൂബിന്റെ യഥാര്‍ത്ഥ പേര്‌ പി.സി. കുട്ടികൃഷ്ണന്‍ എന്നാണ്‌. പൊന്നാനിക്കു സമീപമുള്ള പള്ളിപ്രം ഗ്രാമത്തില്‍ പരുത്തുള്ളിയാലപ്പുറത്ത്‌ വീട്ടില്‍ 1915 ജൂണ്‍ 8-ാം തിയ്യതി ജനിച്ചു. കവിയായി സാഹിത്യരചന ആരംഭിച്ച ഉറൂബ്‌ ചെറുകഥാകൃത്തും നോവലിസ്റ്റുമായി പ്രസിദ്ധനായപ്പോഴും തന്റെ കവി ഭാവന കൈവിടാതെ സൂക്ഷിച്ചു. മനുഷ്യ ജീവിതത്തെ അതിന്റെ തനതായ രീതിയില്‍ ആവിഷ്കരിച്ച ഉറൂബ്‌ മനുഷ്യ ബന്ധങ്ങളുടെ സംഗീതവും താളപ്പിഴകളും സ്വന്തം കൃതികളിലൂടെ ആവിഷ്കരിച്ചു. മനുഷ്യരുടെ വേദനകളും സന്തോഷങ്ങളും നന്‍മകളും തിന്‍മകളും മോഹങ്ങളും മോഹഭംഗങ്ങളും അദ്ദേഹം വരച്ചുകാട്ടി. 1979 ജൂലൈ 10-ന്‌ ഉറൂബ്‌ നിര്യാതനായി. ഉമ്മാച്ചു, സുന്ദരികളും സുന്ദരന്‍മാരും, മിണ്ടാപ്പെണ്ണ്‌, അണിയറ, ചുഴിക്കു പിമ്പെ ചുഴി, അമ്മിണി( നോവലുകള്‍) റിസര്‍വ്വുചെയ്യാത്ത ബര്‍ത്ത്‌, മഞ്ഞിന്‍മറയിലെ സൂര്യന്‍, രാച്ചിയമ്മ, മുഖംമൂടികള്‍, ഗോപാലന്‍ നായരുടെ താടി, നീലമാല, തുറന്നജാലകം (കഥാസമാഹാരങ്ങള്‍) തീകൊണ്ട്‌ കളിക്കരുത്‌, മണ്ണും പെണ്ണും (നാടകങ്ങള്‍) എന്നിവയാണ്‌ പ്രധാന കൃതികള്‍. വിദ്യാഭ്യാസത്തിന്‌ ശേഷം അദ്ധ്യാപകനായും, ഗുമസ്തനായും, കമ്പൌണ്ടറായും കേരളത്തിനകത്തും പുറത്തും ആറുവര്‍ഷത്തോളം ജോലി ചെയ്ത ഉറൂബ്‌ മംഗളോദയം മാസികയുടെ പത്രാധിപ സമിതി അംഗമായി. 1951 ല്‍ ആരാശവാണി കോഴിക്കോട്‌ നിലയത്തില്‍ സ്റ്റാഫ്‌ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു. പിന്നീട്‌ പ്രൊഡ്യൂസറായി 1975 ല്‍ അവിടെ നിന്നും പിരിഞ്ഞു. കുറച്ചുകാലം കുങ്കുമം വാരികയുടെയും 1976 മുതല്‍ മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായി. 1979 ല്‍ അന്തരിക്കുമ്പോള്‍ സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌, എം.പി. പോള്‍ പുരസ്ക്കാരം തുടങ്ങിയ അനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌